Saturday, July 2, 2016

അഞ്ചാമത്തെ മോന്‍

ഒരു പത്തെഴുപത്‌ വയസ്സ് പ്രായമുള്ള ഒരു കാരണവരാണ്. നെറ്റീല്‍ നിസ്കാരതഴമ്പ് ഉണ്ട്. വെള്ളയും വെള്ളയും തോളില്‍ ഒരു തൂവെള്ള തോര്‍ത്തും. കൂടെ ഒരു മാച്ചിംഗ് ഉമ്മച്ചിയും ഉണ്ട്.
സര്‍ജറി ഡേറ്റ്ന് വന്നതാണ്‌. ഭാഷ കേട്ടിട്ട് ഒരു മുക്കം തിരുവമ്പാടി ലൈന്‍ ആണ്.

കടലാസ്സ്‌ ഒക്കെ നോക്കി ഡേറ്റ് ഇട്ടപ്പോ ചുമ്മാ ചോദിച്ചു

"ഒറ്റയ്ക്കാണോ?"
"അല്ല , ഇവളുണ്ട്"
"നിങ്ങള്‍ രണ്ടു പേരും മാത്രമേ ഉള്ളോ? ഒപറെഷന്‍ കഴിഞ്ഞാല്‍ കൂടെ ആളൊക്കെ വേണം. ഇവര്‍ക്ക് ഒറ്റക്ക് മാനേജ് ചെയ്യാന്‍ പറ്റൂല്ല"
"അല്ല, ആളുണ്ട്, ഓനെ ഇങ്ങോട്ട് വിളി"

ഭാര്യ പോയി പുറത്ത് നില്‍ക്കുകയായിരുന്ന ഒരു പത്ത്പതിനഞ്ച് വയസ്സുള്ള പയ്യനെ കൂട്ടി കൊണ്ടുവന്നു.

"ഇവനെ ഉള്ളൂ? കുറച്ചൂടെ വലിയ പ്രായപൂര്‍ത്തി ആയ ആരും ഇല്ലേ , സമ്മതപത്രം ഒക്കെ ഒപ്പിടാനുള്ളതാ" 
"വരും , മക്കളുണ്ട്"

"എത്ര പേര് , എന്ത് ചെയ്യുന്നു ?"
"അഞ്ച് ആണ്മക്കള്‍ ആണ്. മൂത്തോന്‍ പിഡബ്ലിയുഡില്‍ എഞ്ചിനീര്‍ ആണ്.
ഇന്ന് എന്തോ കോണ്ട്രാക്റ്റ് ഒപ്പിടുന്ന ദിവസോ മറ്റോ ആണ് അതോണ്ട് വരാന്‍ പറ്റൂല്ല. 
രണ്ടാമത്തോന്‍ ഡോക്ടര്‍ ആണ്. തൃശൂര്‍ മെഡിക്കല്‍ കോളേജ്ലാ, ഇന്ന് ഇടുക്കില് മെഡിക്കല്‍ കൌണ്‍സില്‍ പരിശോധന എന്നും പറഞ്ഞു തല്ക്കാലം ഒരു ദിവസത്തേക്കവിടെക്ക് ട്രാന്‍സ്ഫെര്‍ ആയി പോയിരിക്ക്യാ.
മൂന്നമത്തോന്‍ മാഷാ, ഇപ്പൊ എസ്സെല്സി നടക്ക്വല്ലേ? ഓനും ലീവില്ല .
നാലാമത്തോന്‍ അകൌണ്ടന്റ്റ് ആണ് , സ്റ്റേറ്റ് ബാങ്കിലാ, സാമ്പത്തിക വര്‍ഷാവസാനം ആയതോണ്ട് ലീവ് കിട്ടൂല്ല."

"ഓഹോ , എല്ലാരും വല്യ പൊസിഷനില്‍ ആണല്ലേ ,ഇവനാണോ ഇളയത്?"
"അല്ല, ഇത് മൂത്തമോന്റെ ചെറിയോനാ, ഓനീ പ്ലസ് വണ്‍ കഴിഞ്ഞ് നില്‍ക്ക്വാ, അടുത്ത ആഴ്ച എന്ട്രന്‍സ് ക്ലാസ് തുടങ്ങും മുന്‍പ് തിരുവനന്തപുരം കണ്ട് വരാം എന്നും പറഞ്ഞു പോന്നതാ  

"അപ്പോ അവസാനത്തവനോ?"

" ഞാനൊരു സ്കൂള്‍ മാഷായിനേയ്, എല്ലാരും പഠിച്ചു പല വഴിക്ക് പോയപ്പോ ഒരുത്തനെങ്കിലും വീട്ടില്‍ നിന്നോട്ടെന്ന്‍ വെച്ച് അവസാനത്തോനെ ഞാനധികം പഠിക്കാന്‍ ഒന്നും നിര്‍ബന്ധിച്ചില്ല. 
പത്ത്  കഴിഞ്ഞപ്പോ കൊടുവള്ളി ബജാറില്‍ ഒരു പീടിയ ഇട്ട് കൊടുത്ത്. ഈ മൊബൈലും ഫാന്‍സിയുമൊക്കെ.
രണ്ടു മൂന്നു കൊല്ലം അത് നടത്തി പാസ്പോര്‍ട്ട്‌ കിട്ടാന്‍ പ്രായം ആയപ്പോ പീടിയ വിറ്റൊരു വിസ വാങ്ങി ഓനും ഗള്‍ഫില്‍ പോയി.

അവസാനം ഇപ്പൊ ഞാനും ഇവളും തന്നെ പൊരെലുള്ളൂ! "

Monday, April 25, 2016

സെകന്റ് ഒപ്പിനിയന്‍

ഏതോ ഒരു ദിവസം രാത്രി ഒമ്പത് ഒമ്പതരക്കാണ്. ആശുപത്രീന്നിറങ്ങി ഹോട്ടലില്‍ കേറി പുട്ടും മട്ടനും ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോ ഒരു ഫോണ്‍
" ഹലോ , ___ ഡോക്ടറല്ലേ "
"ങാ, ആരാ"
"ഞാന്‍ ശശി, ശശിയങ്കിളെയ്"

ഇതാരപ്പോ ശശി തരൂരോ!

"ഇങ്ങളെ ഫാദര്‍ ഇന്‍ ലോന്റെ ദോസ്താ, അനൂനെ ഒക്കെ ചെറുപ്പത്തില്‍ ഞാന്‍ കുറെ എടുത്ത് നടന്നിട്ടുണ്ട്"

ങാ, ആളെ പിടികിട്ടി അമ്മായി അപ്പന്‍റെ ദോസ്താ, കല്യാണ നിശ്ചയത്തിന് വന്നിട്ട് പുള്ളി പറഞ്ഞ ഹാളില്‍ നടത്താത്തതോണ്ട് പിണങ്ങി പോയതാ, പിന്നെ കണ്ടിട്ടില്ല. ഗള്‍ഫിലായിരുന്നു. ഇപ്പൊ നാട്ടില്‍ റിട്ടയെട് ലൈഫ്.

പണ്ട് കൊച്ചായിരുന്നപ്പൊ ഭാര്യയെ എടുത്ത് നടന്നതിന്റെ കണക്കൊക്കെ പറയുന്നുണ്ട്. എന്ത് കുരിശാണാവോ

"ആ.. മനസ്സിലായി, എന്തെ വിശേഷം?"
"ഒന്നുല്യാ, വെറുതെ വിളിച്ചതാ"

ആഹാ, എന്നാ പിന്നെ കട്ട്‌ ചെയ്യാല്ലോ. പുട്ട് എത്തി.

"ഓ, എന്നാ ശെരി"

"അല്ല, അതല്ല , ഞാന്‍ വിളിച്ചതേയ്"
"ങ്ങും.."
" ഇങ്ങളിപ്പോ തിരുവന്തോരത്താ ?"
"ആ "
"ഫാമിലിയോ"

"അവളിവിടില്ല, ബോണ്ട്‌ ചെയ്യാ , റൂറല്‍ സര്‍വീസ് "
"ആ, സര്‍ക്കാര്‍ ചെലവില്‍ മെറിറ്റില്‍ പഠിച്ചതല്ലേ , കുറച്ചു സാമൂഹിക സേവനം ഒക്കെ വേണല്ലോ, അതല്ലേ സാമൂഹിക പ്രതിബദ്ധത "

"അല്ലാ , ഹരി ഇപ്പൊ എവിടാ?"
പുള്ളീടെ മോനാ, മൂത്തത് ഹരി, എന്റെ സ്കൂള്‍ മേറ്റ്‌ ആയിരുന്നു, ആറീസിയില്‍ നിന്ന്‍ ബിടെക് ചെയ്ത് ഐഐഎമ്മില്‍ നിന്ന് പിജിപി കഴിഞ്ഞ് ബാര്‍ക്ലയ്സില്‍ അനലിസ്റ്റ് ആണ്.

"ഓനിപ്പോ ലണ്ടനിലാ, നാല് കൊല്ലം ആയി. ഒരു കൊല്ലം കൂടി കഴിഞ്ഞാല്‍ സിറ്റിസന്‍ഷിപ്പിന് നോക്കണം എന്നാ പറയുന്നത്"

"രവിയോ ?"
ഹരീടെ അനിയന്‍ , മുടി നീട്ടിയ പൊളിച്ച ഫ്രീക്കെന്‍ ആണ്. നല്ല ആര്‍ട്ടിസ്റ്റ് ആണ്. അവനും എതൊ ഒരു എന്‍ഐടിയില്‍ ആര്‍ക്കിറെക്ചര്‍ പഠിച്ചതാ.

"ഓനിപ്പോ ഫ്രാന്‍സില്‍ ഒരു കമ്പനീല്‍ ഇന്റെര്‍ണാ. ദുബായില്‍ അമ്മളെ ചില കോണ്ടാക്റ്റ് വെച്ച് കയറിയതാ"

ആഹാ, ഇവന്മാരും സര്‍ക്കാര്‍ ചിലവിലല്ലേ പഠിച്ചത്. അവര്‍ക്കൊന്നും വേണ്ടേ ഈ സാമൂഹിക പ്രതിബദ്ധത!

"എന്നാ ശരി"
" അല്ല, ഞാന്‍ വിളിച്ചതേ. ഒരു സെകന്റ് ഒപിനിയന്‍ ചോദിക്കാനാ ."

പുട്ടിന്‍റെ ആവി കുറഞ്ഞു തുടങ്ങി.

"ങ്ങും"

"എനിക്ക് ഞ്ചാറു  ദിവസമായി ഒരു തലവേദന"

അപ്പൊ അതാണ്‌ കാര്യം

"എന്തേ മൈഗ്രെയിന്‍ ഉണ്ടോ?"

"ഏയ്‌ അതൊന്നുല്ല്യ , രാവിലെ എണീക്കുമ്പോ ഭയങ്....ങ്..കര തലവേദനയാ "
"മരുന്നൊന്നും കഴിച്ചില്ലേ?"
"ആ, ഞാന്‍ അമ്മളെ ബ്രുഫന്‍ കഴിച്ചതാ , കുറഞ്ഞീല"

"ആരേലും കാണിച്ചോ, ഞാന്‍ സര്‍ജറി ആണ് , നമ്മള്‍ ഇതിന്റെ ആള് അല്ല "
"കാണിച്ചി... അതല്ലേ ., ഞാന്‍ മിംസില്‍ പോയി. അമ്മളെ ഒരു സുഹൃത്തിന് പണ്ടിത് പോലെ തല വേദന വന്നപ്പോ ഓപ്പറേഷന്‍ ചെയ്ത  ഒരു ആലുക്കാസ് ഡോക്ടര്‍ ഉണ്ടേയ്"

ആലുക്കാസ് അല്ല, ആലപ്പാട്, പുള്ളി ന്യുറോസര്‍ജറി പ്രൊഫസര്‍ ആയിരുന്നല്ലോ. തലവേദനക്ക് ഇയാള്‍ നേരെ ന്യുറോ സര്‍ജന്റെ അടുത്താണോ പോയത്!

"എന്നിട്ട്"
"പുള്ളി കുറച്ചീസം ലീവാ . അവിടത്തെ ജൂനിയര്‍ ഡോക്ടറോട് പറഞ്ഞപ്പോ കുഴപ്പമില്ല എന്നാ പറഞ്ഞേ , പിന്നെ ഞാന്‍ പ്രശ്നം ഒന്നുമില്ലാന്ന്‍ ഗ്യാരണ്ടി ഉണ്ടോ എന്ന് ചോദിച്ചപ്പോ  പുള്ളി ഒരു സിടി സ്കാന്‍ എടുക്കാന്‍ പറഞ്ഞു"

എവിടെന്‍സ് ബെയ്സ്ഡ് മെഡിസിന്‍, ക്ലിനിക്കല്‍ ജഡ്ജ്മെന്റ് വെച്ച് ഒന്നൂല്ല്യ എന്ന് പറഞ്ഞിട്ട് പിന്നെ വല്ലോം വന്നാല്‍ കേസും കൂട്ടവും ആയി വരുന്നതിലും നല്ലതാ ഒരു സിടി

"സ്കാനില്‍ പ്രശ്നമുണ്ടോ?"
"ഹേയ് അത് നോര്‍മലാ"

"എന്നിട്ട്"
"എന്തായാലും ഒപറേഷന്‍ ചെയ്യാന്‍ ഉള്ള അസുഖം ഒന്നുമില്ല , വേണേല്‍ ഒരു ന്യുറോളജിസ്ടിനെ കാണിക്കാന്‍ പറഞ്ഞു"

എന്‍റെ പുട്ട്....
ഏതായാലും കറി ഒഴിച്ച് പൊടിചെക്കാം

"പിന്നെ ഞാന്‍ അമ്മളെ കോപ്പറെറ്റീവിലെ ബാലസുബ്രമണ്യനെ കണ്ട്"

നമ്മള് മമ്മൂട്ടി മോഹന്‍ലാല്‍ എന്നൊക്കെ പറയുന്ന പോലെ മടിയില്‍ ഇരുത്തി ഇട്ട പോലെയാണ്പൊതുവേ നാട്ടുകാര്‍ സീനിയര്‍ ഡോക്ടര്‍മാരുടെ  പേര് പറയുക. സിനിമയിലുള്ളവര്‍ക്ക് ഇക്കാ അല്ലേല്‍ ഏട്ടന്‍ എന്ന് കൂട്ടിയില്ലേല്‍ തോന്നുന്ന അരോചകത്വം പോലെയാണ് സിനിയര്‍ ഡോക്ടര്‍മാരെ സര്‍ എന്നോ ഡോക്ടര്‍ എന്നോ കൂട്ടാതെ പറയുമ്പോ നമുക്ക് തോന്നുക

"പുള്ളീം കുഴപ്പമില്ല എന്നാ പറഞ്ഞെ, ഈയെന്‍ടി ആരേലും കാണിക്കാന്‍ പറഞ്ഞു . സിടിയിലെ സൈനസ് ഇത്തിരി നീര്‍ക്കെട്ടുള്ള പോലെ തോന്നി അത്രേ"

ഒരു വിധം സീട്ടീലൊക്കെ സൈനസ് കന്‍ജഷന്‍ കാണും

"എന്നിട്ട്"
"ഞാന്‍ അമ്മളെ സുഭാഷ്‌ ഇഎന്‍ടിയെ കണ്ട്"
"ഓഹോ"

ഒരു പപ്പടം കൂടി പുട്ടിന്‍റെ മോളില്‍ ഇട്ട് ഒന്ന് ഞെരിച്ച്. ഇതിപ്പോ തീരുന്ന ലക്ഷണം ഇല്ല

"ഓന്‍ സ്കോപ്പി ഒക്കെ ചെയ്ത് മൂക്കില്‍ കുഴപ്പം ഒന്നൂല്ല എന്ന് പറഞ്ഞ് ചിലപ്പോ കണ്ണാടി മാറ്റിയാ ശരിയാവും എന്ന് പറഞ്ഞു."

ക്ഷമ നശിച്ച ഞാന്‍ ഒരു പിടി വായിലിട്ട്

"ങ്ങും...ഊം "
"അങ്ങനെ ഞാന്‍ നടക്കാവിലെ ചന്ദ്രദാസിനെ കണ്ട്, കണ്ണാട ഒരു 0.25പവര്‍ കൂട്ടാന്‍ പറഞ്ഞു. വേറെ ഒന്നൂല്ലത്രേ  "

0.25 ന് തലവേദന വരില്ലല്ലോ

"എന്നിട്ട്"
മട്ടന്‍ പീസ്‌ എടുത്ത് വായിലിട്ട്

"എന്നിട്ടെന്താ , തലവേദന മാത്രം മാറീല്ല, ഞാനിനിപ്പൊ ആരെയാ കാട്ടണ്ടത് ? "

"ഇവരാരും ഒരു മരുന്നും തന്നില്ലേ "

"ഇല്ല "

അങ്ങനെ വരുമോ, ചുരുങ്ങിയ പക്ഷം എന്തേലും കൊടുക്കുമല്ലോ

"ഒന്നും?!"
"അല്ല , ഒന്ന് രണ്ടു പേര് തലവേദന കൂടുതല്‍ ആണേല്‍ ഡോളോ കഴിക്കാന്‍ പറഞ്ഞ് "

"അത് കഴിച്ചിട്ടോ ?"
"അത് ഞാന്‍ കഴിച്ചില്ല"
"ങേ, അതെന്തേ ?"
"അല്ല, അത് നിരോധിച്ച മരുന്നാ എന്നല്ലേ മാധ്യമത്തില്‍ കണ്ടത്, അതോണ്ട് ഞാന്‍ കഴിച്ചീല "

"മരുന്നല്ലല്ലോ, അതിന്റെ കൊമ്പിനേഷന്‍ അല്ലെ നിരോധിച്ചത്, അത് കഴിച്ചാല്‍ പ്രശ്നം ഒന്നൂല്ല."
"ഇല്ലേ"
"ഇല്ല, മരുന്ന് കഴിക്കാണ്ട് എങ്ങനെ മാറാനാ "

"പാരസെറ്റമോള്‍ കഴിച്ചാല്‍ ലിവര്‍ പോകൂല്ലേ ?"
" ആ, ഒരു പത്ത് മുപ്പതെണ്ണം ഒരുമിച്ച് കഴിച്ചാല്‍"

"അപ്പൊ അത് പ്രശ്നം അല്ലേ?"
"അതിപ്പോ ഒരു ഇരുപത് ലിറ്റര്‍ വെള്ളം ഒറ്റയിരിപ്പിനു കുടിച്ചാലും മരിച്ചു പോകൂല്ലേ?"

"ശരിയാണല്ലോ"
"ആ.."

"അപ്പൊ ഇനി ആരെയും കാണിക്കണ്ടേ?"
"കൃഷ്ണന്‍ കുട്ടി സാര്‍ ഇപ്പോളും അവിടില്ലേ?"

വളരെ സീനിയര്‍ ആയ ഒരു ഫാമിലി ഫിസിഷ്യനാ

"ഓന്‍ എംബിബിഎസ്സല്ലേ"
"ഒന്ന് കാണിക്കെന്നെ, സ്പെശ്യാലിടിയില്‍ എത്തി കഴിഞ്ഞാല്‍ പിന്നെ സ്വന്തം വിഷയത്തിലെ  വളരെ കുറച്ചു ഡിഫ്രന്‍ഷ്യല്‍ ഡയഗ്നോസിസ് മാത്രേ ആലോചിക്കൂ. പുള്ളി നോക്കി പരിശോധിച്ച് ആരേലും കാണിക്കാന്‍ പറഞ്ഞാല്‍ കാണിച്ചാല്‍ മതി"

പുറകില് എവിടെയോ എന്തോ കമന്ററി കേള്‍ക്കാം
"അങ്കിളേ കളി കാണുവാണോ?"
"ഇപ്പൊ വേറെ എന്ത് പണി. ഇങ്ങള് കാണാറില്ലേ , ഇന്ന് മാന്‍ യു ന്റെ കളി ഉണ്ട്"

"എത്ര മണിക്കാ ?"
"2 മണി "
"എത്രീസായി ഇപിഎല്‍ തുടങ്ങീട്ട്?
" ഒരാഴ്ച?

"തലവേദനയോ?"
"അതും"

ആഹാ, പത്തറുപത് വയസ്സായാല്‍ മനുഷ്യന്മാര് രാത്രി കിടന്നുറങ്ങണം മനുഷ്യാ...

"അങ്കിളേ , ആ ടോപ്‌ ബോക്സില്‍ റെക്കോര്‍ഡ്‌ ഇല്ലേ."
"ഉണ്ട്"
"ഒരാഴ്ച രാത്രി ഉറങ്ങീട്ട് റെക്കോര്‍ഡ്‌ ചെയ്ത് രാവിലെ കണ്ടു നോക്ക്, ചിലപ്പോ തലവേദന മാരിയാല്ലോ "
"അപ്പൊ അതാവും ല്ലേ?"
"ആവാം"

"ഒരാരും ഇത് പറഞ്ഞീലല്ലോ?"
"ഉറക്കം ഒഴിക്കുന്ന കാര്യം അവരോടു പറഞ്ഞിരുന്നോ?"
"ഇല്ലാ.."

"ങാ"
"എന്നാ ശരി"

"ശരി, നോക്കീട്ട് വിളിക്കി "
"ആയ്ക്കോട്ടെ "

ഫോണ്‍ കട്ട് ചെയ്ത്  ഞാന്‍ ആറി  തണുത്ത പുട്ട് പതിയെ കുഴച്ച് വായിലേക്കിട്ടു.

Saturday, February 27, 2016

പകുതി ഗ്ലാസ്

പീഎച്സി ഒപികളൊക്കെ ഒരു പ്രത്യേക ലോകമാണ്. ഒരു തറവാട് വീട് പോലാണ് എന്നൊക്കെ പറയാം. ആദ്യത്തെ കുറച്ചു ദിവസം കൊണ്ട് കുറെ സ്ഥിരം ആള്‍ക്കാരെ പരിചയപ്പെടും. പിന്നെ അവരെ വാതില്‍ക്കല്‍ കാണുമ്പോ തന്നെ മരുന്നെഴുതാം.

(അല്ലെങ്കിലും എഴുതാം. ഒട്ടു മിക്ക ആള്‍ക്കാര്‍ക്കും കാര്യമായ പ്രശങ്ങള്‍ ഒന്നും കാണൂല്ല. ഫ്രീ മരുന്നുകള്‍ മാത്രേ മതിയാവുള്ളൂ താനും. വളരെ ലിമിറ്റഡ് മരുന്നുകളെ ഏതു നേരത്തും ഫാര്‍മസിയില്‍ കാണൂ, അത് വെച്ച് അങ്ങോട്ടും ഇങ്ങോട്ടും കുറെ കൊമ്ബിനെഷന്‍സ് ആവും എല്ലാ ചീട്ടും)

ചിലരൊക്കെ നാട്ടുകാര്യവും വീട്ടുകാര്യവും ചോദിക്കും. എന്തിന് , കല്യാണആലോചന വരേ കൊണ്ട് വന്നു കളയും. 

സ്ഥിരമായി ബീ പി നോക്കാന്‍ വരുന്ന കുറെ അമ്മൂമ്മമാരും അപ്പൂപ്പന്മാരും, മരത്തില്‍ കേറി വീണു കയ്യിലേം കാലിലേം പെയിന്റ് പോയി വരുന്ന വികൃതികുട്ടന്മാരും, ചന്തയില് വന്നപ്പോ ഒന്ന് കാണിചെക്കാം എന്ന് പറഞ്ഞു വരുന്ന ആളുകളും , ആറു മാസം കൂടുമ്പോ ടിടി എടുത്താല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും എന്ന് വിശ്വസിക്കുന്ന കൂലി പണിക്കാരും ഒക്കെയാണവിടത്തെ കഥാപാത്രങ്ങള്‍. (സത്യത്തില്‍ ടിടി മുറിവുണങ്ങാന്‍ വേണ്ടിയല്ല ടെട്നസ് വരാതിരിക്കാന്‍ മാത്രം ആണെന്നും ഒരു ഫുള്‍ കോഴ്സ് എടുത്താല്‍ പിന്നെ അഞ്ചു കൊല്ലത്തേക്ക് എടുക്കണ്ട എന്നും ഒട്ടു മിക്ക പേര്‍ക്കും അറിയില്ല!)

അടുത്ത് വല്ല കോളേജും ഉണ്ടേല്‍ അറ്റെന്‍ഡന്‍സ്‌ തികയ്ക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കടിനു വരുന്ന പിള്ളേരും കാണും.

അതിന്റെയൊക്കെ ഇടയില്‍ കുറേ പേര് വരും. മെഡിക്കല്‍ പുസ്തകങ്ങളിലൊന്നും കാണാത്ത കുറെ രോഗവും രോഗ ലക്ഷണങ്ങളും  ആയി. "എന്തോ ഒരിത്" അല്ലെങ്കില്‍ "താഴേന്നു മേലോട്ട് ഒരു ഉരുണ്ടുകേറ്റം " അതുമല്ലേല്‍ "വിയര്‍ത്ത്‌ തലയില്‍ നീര് കേറി " എന്നതൊക്കെ ആവും പ്രധാന പ്രശ്നങ്ങള്‍. ആദ്യം ആദ്യമൊക്കെ ഇവരെ ചികിത്സിക്കാന്‍ വലിയ പാടാണ്. പിന്നെ പിന്നെ അതിനൊക്കെ കുറെ ട്രിക്സ് സ്വയം അങ്ങ്പഠിക്കും.

സര്‍ക്കാര്‍ ചിലവില്‍ പഠിച്ചു ഡോക്ടറായി എന്ന ഒറ്റ കുറ്റത്തിന് വയനാട്ടില്‍ ഒരു വര്ഷം സര്‍ക്കാര്‍ നിര്‍ബന്ധിത വനവാസത്തിന്  (ഗ്രാമീണ സേവനം എന്നും പറയാം ) വിട്ട സമയത്താണ് ഞാനവരെ കാണുന്നത്. ഒരു ബുധനാഴ്ച ചന്ത ദിവസം അവരങ്ങനെ ഒരു രൂപ ഓപി ടിക്കറ്റ്‌ എടുത്ത് ഒപിയില്‍ കയറി വന്നു .

നബീസുമ്മ എന്നാണ്‌ പേര്. 
പ്രായം ഒരെഴുപതൊക്കെ കാണും. 
ഓപി ടിക്കറ്റ്‌ പ്രകാരം 62!

(സര്‍ക്കാര്‍ ആശുപത്രികളിലെ ഒരു മണ്ടന്‍ രീതിയുണ്ട്.അവസാനം കിട്ടിയ ബിപിഎല്‍ റേഷന്‍ കാര്‍ഡിലെ വയസ്സാണ് അവിടത്തെ വയസ്സ്.അത് പത്ത് കൊല്ലം മുന്‍പ് കിട്ടിയ കാര്‍ഡ് ആണേലും വയസ്സ് മാറ്റി എഴുതിയാല്‍ മരുന്നൊന്നും ഫ്രീ കിട്ടൂല്ല, അത് കൊണ്ട് തന്നെ ആളുകളൊക്കെ 10-12 വര്ഷം ഒരേ പ്രായത്തില്‍ തന്നെ നില്‍ക്കും)

അറ്റത്ത് കറുപ്പ് വരയുള്ള കാച്ചി തുണിയും വയലെറ്റ് നിറത്തിലെ നീണ്ട ബ്ലൌസ് പോലത്തെ ജമ്പറും ആണ് വേഷം. വെള്ള തുണി മടക്കി തലയില്‍ ഇട്ടിട്ടുണ്ട്.  ഇപ്പോളത്തെ ബോള്‍ഡസ്റ്റ് ഫ്രീക്കത്തികളും കാതില്‍ മൂന്നോ നാലോ കുത്തേ പരമാവധി കുത്തൂ. ഇവര്‍ക്ക് പക്ഷേ പത്തിരുപത്തഞ്ച് ചിറ്റ് കാതിലുണ്ട്. 

കണ്ടാല്‍ പ്രത്യേകിച്ചൊരു അസുഖവും ഉണ്ടെന്ന് തോന്നൂല്ല. 
മുറുക്കി ചോപ്പിച്ച ചുണ്ടാണ്.

"ഇരിക്കൂ, എന്താ അസുഖം ?"
"ഇന്‍റെ മോനേ, ഇനിക്ക്യില്ലാത്ത എതക്കെടോന്നുല്ല്യ "

"ആണോ , ശരിക്കെന്താ പ്രശ്നം , ഒറ്റയ്ക്കാണോ വന്നത് ?"
"ങാ, ഞാനൊറ്റക്കാ, മൂപ്പര് മരിച്യോയെ, മക്കള്‍ ഒന്നുല്ലാ, ഉള്ളതാച്ചാ രണ്ടു പെണ്കുട്യോളും, അയ്‌റ്റിങ്ങള്‍ കല്യാണം ഒക്കെ കയിഞ്ഞ് പോയി "

ആണ്‍ മക്കള്‍ ഇല്ലെങ്കില്‍ മക്കള്‍ ഇല്ലാന്നാ പറയാ. ഉള്ളവരാണെങ്കിലോ, ഓന്‍ തിരിഞ്ഞു നോക്കൂല്ല എന്നും പറയും.

"അപ്പോ ഇപ്പോ ശരിക്ക് എന്താ അസുഖം?"
"ഇനിക്കില്ലാത്ത സൂക്കെടോന്നുല്ലാ "

സാധാരണ ഒപിയില്‍ ഇരിക്കുന്നത് നൂറു മീറ്റര്‍ ഓട്ടത്തിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനില്‍ നില്‍ക്കുന്ന പോലെയാണ്. രോഗ വിവരം കേട്ട് തുടങ്ങുമ്പോ തന്നെ എഴുതിതീര്‍ക്കാന്‍. ഇതിപ്പോ അങ്ങനെ തീരുന്ന മട്ടില്ല. അസുഖം ഉള്ളവരേക്കാള്‍ ബുദ്ധി മുട്ടാ അതില്ലാതവരെ ചികിത്സിക്കാന്‍. 
ഞാന്‍ പതിയെ കസേരയില്‍ ചാഞ്ഞിരുന്നു, കുറച്ചു റസ്റ്റ്‌ എടുത്തേക്കാം 

"എന്തൊക്കെയാ പ്രശ്നങ്ങള്‍? "
"അത് രാവിലെ എണീച്ച് പണിയൊക്കെ കഴിഞ്ഞ് ഒരു പത്ത് മണിയാവുമ്പോ " വയറിലേക്ക് ചൂണ്ടി കാണിച്ച് " ദേ ഇവിടുന്നുണ്ടൊരു ഉരുണ്ടു കേറ്റം!, ചായ കുടിച്ചാ അപ്പൊ മാറും"

"ആഹാ,പിന്നെ"
"പിന്നെ കുനിഞ്ഞ് നിന്ന് ഒരയിംപത്ത്  തേങ്ങ പോളിച്ചീനി പിന്നൊരു രണ്ടു ദിവസം നടുവിനൊരു വേദനയായിനി"

"ഇപ്പൊ ഉണ്ടോ?"
"ഇല്ല്യ, തൈലം തേച്ചപ്പോ മാറി"

"അത്രേയുള്ളൂ "
"പിന്നെ പ്രഷര്‍ ഉണ്ട്. രാത്രിയൊക്കെ ആവുമ്പോ എന്തോ ഒരിതാ "

 "സ്ഥിരമായി മരുന്ന് ഏതെങ്കിലും കുടിക്കുന്നുണ്ടോ ? പഴയ ചീട്ടെന്തെങ്കിലും? "
" ഇല്ല്യല്ല്യ, പിന്നെ തലേല് നീര് ഇറങ്ങിയപ്പോ കഴിഞ്ഞ മാസം ആന്റിബയോടീസ് തന്നീനി, ചീട്ടുണ്ട് "

ഒരു കെട്ട് ഓപി ടിക്കറ്റ്‌ മേശ പുറത്തു വന്നു . എല്ലാത്തിലും ടാബ് ബീ കോംപ്ലെക്സ്‌ മാത്രം! സ്റ്റെത്ത് എടുത്ത് നെഞ്ചത്തും പുറത്തും ഒക്കെ വെച്ച് നോക്കി , പള്‍സ് പിടിച് കഫ്  കെട്ടി ബീപി നോക്കിയപ്പോ എല്ലാം നോര്‍മല്‍.

" ഇതൊക്കെ നോര്‍മല്‍ ആണല്ലോ?"
"ആ കൂടുതലൊന്നും ഉണ്ടാകാറില്ല, പിന്നെ ഇത് വെച്ച് വീര്‍പ്പിക്കുമ്പോ ലേശം കുറവ് കിട്ടും. അങ്ങനെ ഇനിക്കില്ല്യാത്തതൊന്നുല്ല്യ കുട്ട്യേ "

ഓഹോ, തെറാപ്യുട്ടിക് ബിപി നോട്ടം!

"അല്ല , ഞാന്‍ ചോയ്ക്കട്ടെ , ശ്വാസം മുട്ട് വരാറണ്ടോ? വലിവ് "
"ഇല്ല"

"നെഞ്ചു വേദനയോ ഹാര്‍ട്ട് അറ്റാക്കോ?"
"ഇല്ലേ.."

"പ്രമേഹം?"
"അതന്ന് നോക്ക്യപോ 90 ആയീനി"

"അപ്പൊ അതുമില്ല , അപസ്മാരം?"
"ഇല്ലല്ല"

"എപ്പോളെങ്കിലും പെട്ടെന്ന് ബോധം പോയി ഒരു വശം തളര്‍ന്നു പോകുകയോ മറ്റോ ?"
" അള്ളാ , അതൊന്നൂല്ല്യെ"

"കണ്ണില്‍ തിമിരം ഉണ്ടോ?"
"ലേശൊരു മങ്ങലാ, ന്നാലും മുസയഫ് ഒതാനോക്കെ പറ്റും"

"വയറ്റില്‍ മുഴയോ , ഗര്‍ഭ പാത്രത്തീന്ന് നീരോലിപ്പോ , അത് താഴോട്ട് താഴ്ന്നു വരാലോ, വയറ്റീന്നു ചോര പോക്കോ, മേല് കരിയാത്ത മുറിവോ, വേറെ എന്തേലും ക്യാന്‍സര്‍ ലക്ഷനങ്ങളോ?"

അപ്പുറത്ത് ദേഷ്യം പതുക്കെ വരുന്നുണ്ട്

"എനിക്കിത് ഒന്നൂല്ല്യാ , ഞാനിപ്പളും ആടിനെ ഒറ്റക്ക് പോറ്റി വില്‍ക്കലാ, ഇന്നും കൂടി ചന്തേല്‍ ഒന്നിന്നെ കൊടുത്തിട്ടേ ഉള്ളൂ"

" എല്ലാ സൂക്കേടും ഉണ്ടെന്ന് പറഞ്ഞതോണ്ട് ചോദിച്ചതാ... അപ്പൊ ഇതൊന്നുല്ലല്ലേ?"

" ഇല്ല"
"അപ്പോ മരുന്ന് എന്തെങ്കിലും എഴുതണോ?"

"ആ കൊരെന്റെ മരുന്ന് ലേശം തന്നോളീ"
സര്‍ക്കാരിന്റെ സേഡേറ്റിവ് എക്സ്പെക്റ്റരന്റ് എന്നൊരു സാധനം ഉണ്ട് , പൌരാണിക കാലത്തെ ചുമ മരുന്നാ. കുടിച്ചാല്‍ ചെറിയ ഒരു കിക്കൊക്കെ കിട്ടും 

"അപ്പോ കാര്യമായ പ്രശ്നോന്നൂല്ലല്ലേ ?"
"ഇല്ല "

"എന്നാ ശരി "

അവര് ചീട്ടും വാങ്ങി എഴുന്നേറ്റു പോയി. അവരെ എന്തിനു പഴിക്കണം , അവര്‍ക്കില്ലാത്ത അസുഖങ്ങളെ പറ്റി അവര്‍ക്കെന്തറിയാം!

ഒന്നാലോചിച്ചാല്‍ പലപ്പോഴും ഞാനും ഇതേ അവസ്ഥയില്‍ ആകാറുണ്ട്. എല്ലായ്പ്പോഴും നമുക്ക് ലഭിച്ച  അനുഗ്രഹങ്ങള്‍ എണ്ണാന്‍ എപ്പോളും കഴിയാറില്ലല്ലോ...

പാതി വെള്ളം ഉള്ള ഗ്ലാസ് ഹാഫ് ഫുള്‍ ആണോ ഹാഫ് എംറ്റിയാണോ എന്നത് തികച്ചും ആപേക്ഷികം ആണല്ലോ!

Sunday, February 21, 2016

ജനശതാബ്ദി എക്സ്പ്രസ്സ്‌

ഇതിപ്പോ എവിടെ പോയാലും ഡോക്ടര്‍മാര് നേരിടുന്ന സ്ഥിരം പ്രശ്നമാണ്. തീവണ്ടിക്ക് കഥയില്‍ പ്രത്യേകം റോള്‍ ഒന്നുമില്ല. കല്യാണ വീട്ടിലോ, മരണ വീട്ടിലോ സിനിമ തിയേറ്ററിലോ, എവിടെ പോയാലും ഇതേ കഥയാണ്.

അങ്ങനെ ഒരു തണുത്ത വെളുപ്പാന്‍കാലത്ത് പുലര്‍ച്ചെ അഞ്ചരക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഓടി പിടിച്ച് വന്ന് ജനശതാബ്ദി എക്സ്പ്രസിന്റെ D1 കോച്ചില്‍ കയറി. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഉറക്കചടവിലാണ്. സീറ്റ് തപ്പി പിടിച്ച് ഉറങ്ങാം എന്ന പ്ലാനില്‍ ബാഗ്‌ മടിയില്‍ വെച്ച് ഹെഡ് ഫോണെടുത്ത് ചെവിയില്‍ വെച്ച് കണ്ണടച്ച് ചാരി ഇരുന്നു. നീല ജീന്‍സും ഗ്രേ ടീ ഷര്‍ട്ടും ആണ് വേഷം.താടി ഒക്കെ ട്രിം ചെയ്തിട്ട് രണ്ടാഴ്ച്ചയായി. 

തൊട്ടടുത്ത സീറ്റില്‍ വെള്ളയും വെള്ളയും ഇട്ട മീശയും മുടിയുമൊക്കെ ഡൈ ചെയ്ത് കറുപ്പിച്ച ഒരു മദ്ധ്യവയസ്കന്‍ ഇരുന്ന് 'മനോരമ' വായിക്കുന്നു . എന്‍റെ വേഷവും ഭാവവുമൊക്കെ കണ്ടാവണം 'ഇവനൊക്കെ ആര് എസി ടിക്കെറ്റ് എടുത്തു കൊടുത്തു' എന്ന ഭാവത്തില്‍ നല്ല പുച്ഛത്തോടെ ഒരു നോട്ടം നോക്കി വീണ്ടും മനോരമയിലേക്ക് തല പൂഴ്ത്തി.

ആശുപത്രീല് ജോലീടെ ഒരു ഭാഗമാണ് ഫോണ്‍ കോളുകള്‍. നമ്മള് ഡ്യൂട്ടി ആണേലും അല്ലേല്ലും ലീവ് ആണെലും നാട്ടില്‍ പോയാലും "അയാള് തുമ്മി, ഇയാള് മൂത്രം ഒഴിച്ചില്ല " എന്നൊക്കെ പറഞ്ഞ് സിസ്റ്റര്‍മാര് വിളിചോണ്ടിരിക്കും.

പതിവ് തെറ്റാതെ തമ്പാനൂരീന്ന് പേട്ട എത്തും മുന്‍പേ വിളി വന്നു. പിള്ളേര്‍ ടീച്ചറോട് പരാതി പറയും പോലെ ആരൊക്കെയോ കഞ്ഞി കുടിച്ചില്ല ഷുഗര്‍ കൂടുതലാ, ഹാര്‍ട്ട് റേറ്റ് കുറവ്, ബിപി കൂടുതല്‍ എന്നൊക്കെ പറഞ്ഞ സിസ്റ്റര്‍ക്ക് അത്യാവശ്യം നിര്‍ദേശം ഒക്കെ കൊടുത്ത് ഇനി എന്നെ വിളിക്കണ്ട രണ്ടീസം ലീവാ എന്നും പറഞ്ഞു ഫോണ്‍ വെച്ചപ്പോ അപ്പുറത്തെ മനോരമയുടെ പിന്നില്‍ നിന്നൊരു തല പൊങ്ങി വന്നു. കണ്ണിലെ പുച്ചം മാറി ചെറിയ ഒരു അത്ഭുതം. പത്രം മടക്കി ഒരു 70MM ചിരി തന്നിട്ട് 

"ഡോക്ടര്‍ ആണോ?'
"ങ്ങാ"
"എം ബി ബി യെസ്സാ?അതോ...'
"ങാ"

"വെറും എംബിബിഎസ്സോ അതോ എംഡി ആണോ"
"എംഡി ഇല്ല"

വീണ്ടും പുച്ഛം, 

"വെറും എംബിബിഎസ്സില്‍ ഇപ്പൊ ഒരു കാര്യവുമില്ല. എംഡി  ഒക്കെ വേണം"
"ഉം..."

ഞാന്‍ വീണ്ടും മയക്കത്തിലേക്ക്, പുള്ളി പത്രത്തിലേക്കും...
ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ ചായക്കാരന്‍ വന്നു, ചായ വാങ്ങി കുടിച്ചു.
അപ്പുറത്തെ ചേട്ടന്‍ പത്രവായന നിര്‍ത്തി വെറുതെ ഇരിക്ക്യാ. 

പുള്ളിയും ഒരു ചായ വാങ്ങി, ആദ്യം പോക്കെറ്റില്‍ നിന്ന് ഇന്‍സുലിന്‍ പേന എടുത്ത് 30 യുണിറ്റ് ഇന്‍ജെക്ഷന്‍ എടുത്ത ശേഷം ചായ കുടിച്ചു.

ഞാന്‍ ട്വിറ്റെര്‍ എടുത്ത് ഗുഡ് മോണിംഗ് മാഫിയകാരുടെ ട്വീറ്റ് ഒക്കെ നോക്കിക്കൊണ്ടിരിക്കുമ്പോ പുള്ളി വീണ്ടും...

"എങ്ങോട്ടാ?"
"കോഴിക്കോട്"
"ഞാന്‍ എറണാകുളത്തേക്കാ, നാട് കോഴിക്കോടാണോ?"
"ആ..."

"അതേയ്, എന്റെ ഇടത്തേ കയ്യിന്റെ മുട്ടിന്റെ താഴേയായി ഇടയ്ക്കിടയ്ക്ക് വട്ടത്തില്‍ ഒരു പാട് വരും. കുറെ ഡോക്ടര്‍മാരെ കാണിച്ചതാ. ഹോമിയോ ആയുര്‍വേദം ഒക്കെ നോക്കി. അതെന്തായിരിക്കും?"

എനിക്ക് എംഡി ഇല്ലല്ലോ പിന്നെന്നത്തിനാ എന്നോട് ചോദിക്കുന്നത്!

"ഇപ്പൊ പാട് ഉണ്ടോ, ഒന്ന് കാണിച്ചേ?"
"ഇപ്പൊ മാറി, എന്നാലും വരും"

"ഇപ്പൊ ഇല്ലല്ലോ, വരുമ്പോ ഏതേലും സ്കിന്‍ സ്പെഷ്യലിസ്റ്റിനെ കാണിക്ക്"
"അവര് ഫങ്ങല്‍ ഇന്ഫെക്ഷനാന്നാ പറഞ്ഞെ, ടീനിയ "

വട്ടചൊറി, അതിനാണ് !

" അതൊക്കെ മരുന്ന് കഴിച്ചാല്‍ മാറുമല്ലോ"
"ആ, ഒരു ഓയിന്‍മെന്റും ആഴ്ചേല് ഒന്ന് വെച്ച് കഴിക്കാന്‍ ഗുളികേം തന്നു. ഗുളിക ഞാന്‍ നെറ്റില്‍ നോക്കിയപ്പോ ലിവെറിനു കേട് ആണ് കണ്ടതോണ്ട് പിന്നെ കഴിച്ചില്ല "

"ഓഹോ, എന്നാല്‍ ഇനിയും വരും"

"ഇംഗ്ലീഷ് മരുന്നിനോക്കെ ഭയങ്കര സൈഡ് എഫെക്റ്റ് അല്ലേ!"

"മറ്റു മരുന്നിനോന്നും സൈഡ് എഫെക്റ്റ് ഉണ്ടോ എന്ന് ആരേലും പഠിക്കാറണ്ടോ?"

"ഇല്ലേ?"
"ഇല്ല!"

വീണ്ടും ലേശം നിശബ്ദത

" ഏത് എംഡി യാ താല്‍പ്പര്യം? ഇത് വരെ ഒന്നും നോക്കീലെ ?"

(ലേശം പുച്ഛം + സഹതാപം ടോണില്‍ )

പിന്നെ, പീജി സീറ്റ് കൊട്ടേല്‍ എടുത്തു വെച്ചിരിക്കുകയല്ലേ തോന്നുമ്പോ പോയി എടുക്കാന്‍!

"ഞാന്‍ സര്‍ജന്‍ ആണ്"
"എംഡി ഇല്ലാന്ന് പറഞ്ഞിട്ട് .."

"സര്‍ജറിക്ക് എംഡി അല്ല എംഎസ് എന്നാ പറയാ "
"ഓഹോ"

"കാന്‍സര്‍ ഒക്കെ വന്നാല്‍ രക്ഷപ്പെടൂലല്ലേ"
"അങ്ങനൊന്നൂല്ല, ടൈപ്പും രോഗം കണ്ടു പിടിക്കുന്ന സ്റ്റേജും അനുസരിച്ചിരിക്കും"

"എന്‍റെ ഭാര്യേടെ അമ്മായി ഉണ്ടാരുന്നു മാറില്‍ കാന്‍സര്‍ ആണ്. ആര്‍സിസിലൊക്കെ ചികില്‍സിച്ചതാ, മരിച്ചു പോയി."
"ബ്രെസ്റ്റ് കാന്‍സര്‍ ഒക്കെ നേരത്തെ കണ്ടു പിടിച്ചാല്‍ ഒപെറെഷനും കീമോയും റെഡിയെഷനും കൊടുത്താല്‍ മാറുമല്ലോ"

"ആദ്യം ചെറിയൊരു തടിപ്പായിരുന്നു. തൃശൂര്‍ ഡോക്ടറെ കാണിച്ചപ്പോ കുത്തിയെടുത്ത് പരിശോധിച്ചപ്പോ ഒപെറെഷന്‍ വേണം എന്ന് പറഞ്ഞു. അമ്മായി പേടിച്ച് അങ്കമാലിയിലെ ഒരു വൈദ്യനെ കാണിച്ചു. പുള്ളി  കാന്‍സര്‍ സ്പെശ്യലിസ്ടാ. പുള്ളി ഒരു മരുന്ന് കൊടുത്ത് അതിനെ പൊട്ടിച്ചു വെളിയില്‍ ആക്കി. മറ്റേ മുള്ളാത്ത ഒക്കെ കഴിച്ചിരുന്നു. എന്നിട്ട് ആര്‍സിസിയില്‍ പോയി സര്‍ജറി ചെയ്യാന്‍ പറഞ്ഞു, അവിടുന്ന് കീമോ വേണം എന്ന് പറഞ്ഞപ്പോ മുടി കൊഴിയും എന്ന് പറഞ്ഞ് അമ്മായി സമ്മതിച്ചില്ല "

ആഹാ ചികിത്സിച്ചു മാറ്റാവുന്ന സ്റ്റേജ് 2 , രക്ഷപ്പെടാനാവാത്ത സ്റ്റേജ് 4 ആക്കിയതാണ് . കീമോയും എടുത്തില്ല! എന്നിട്ട് ആര്‍സിസിക്കാരെ കുറ്റം പറയുന്നു. ഇതൊന്നും അങ്ങോട്ട്‌ പറഞ്ഞ് എനര്‍ജി കളയണ്ട, മിണ്ടാതിരുന്നെക്കാം.

"അല്ലേലും എങ്ങനെ കാന്‍സര്‍ വരാതിരിക്കും പച്ചക്കറി ഒക്കെ വിഷമല്ലേ!"
"അതെയോ "
"പിന്നെ, ശ്രീനിവാസന്‍ പറഞ്ഞത് കണ്ടില്ലേ. കാന്‍സര്‍ സെന്‍റെര്‍ തുടങ്ങി കാശു കളയാതെ ജൈവ പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കുകയാ വേണ്ടത്"

"ഓഹോ, അപ്പൊ ഓള്‍റെഡി 'വിഷം' കഴിച്ചു  കാന്‍സര്‍ വന്ന ആളുകളൊക്കെ മരിച്ചോട്ടെ എന്നാണോ ?"

വീണ്ടും നിശബ്ദത... സമാധാനം. ട്രെയിന്‍ കായംകുളം വിടുന്ന വരെ  

"എല്ലാ ഒപറെഷനും ചെയ്യോ?"
"ഇല്ല , കാര്‍ഡിയാക് സര്‍ജറി മാത്രം"
"ബൈപാസ്?"
"ഇപ്പൊ ബൈപാസൊക്കെ ആള്‍ക്കാര് ചെയ്യുന്നുണ്ടോ , എല്ലാരും ഈരാളി സാറിന്റെയും കീലെഷന്‍ തെറാപ്പിയും ഒക്കെ അല്ലെ? "

"ആണോ, ഞങ്ങള്‍ ഡെയിലി 3 എണ്ണം വെച്ച് ചെയ്യുന്നുണ്ട് "

" എന്റെ ജ്യേഷ്ടന്  അറ്റാക്ക് വന്നതാ, ആന്‍ജിയോഗ്രാം ചെയ്തപ്പോ മെയിന്‍ രക്തക്കുഴല്‍ 90% ബ്ലോക്ക് ആയതോണ്ട് പ്ലാസ്റ്റി പറ്റൂല്ല, ബൈപാസ് ചെയ്യണം എന്ന് പറഞ്ഞു. പുള്ളി പക്ഷെ കീലഷന്‍ തെറാപ്പി എടുത്തു. വേദന ഒക്കെ നല്ലോണം കുറഞ്ഞാരുന്നു"

കീലേഷന്‍ ഒക്കെ വലിയ ശാസ്ത്രീയ പിന്‍ബലം ഒന്നുമില്ലാത്ത തട്ടിപ്പ് തെറാപ്പി ആണെന്ന് പറഞ്ഞു നോക്കണോ... വേണ്ട 

"എന്നിട്ട്?"
" 3 മാസം കഴിഞ്ഞപ്പോ ഒരു ദിവസം പുലര്‍ചേ പെട്ടന്നു മരിച്ചു പോയി. എന്താ കാര്യം എന്ന് ആര്‍ക്കും അറിയില്ല"

ഇതിപ്പോ എന്തറിയാനാ, ക്ലോട്ട് വന്ന് ബാക്കി 10% അടഞ്ഞ് കാണും. സഡന്‍ കാര്‍ഡിയാക് ഡെത്ത്!

" പണ്ടത്തെ ആള്‍ക്കാരുടെ ആയുസ്സൊക്കെയാണ്. എന്താ ആരോഗ്യം. എന്റെ മുത്തശ്ശി ഒക്കെ നൂറ്റിരണ്ടാം വയസ്സിലാ മരിച്ചത്"

"മുത്തശ്ശിക്കെത്ര മക്കള്‍ ഉണ്ടായിരുന്നു?
"പന്ത്രണ്ട്"

"അവരൊക്കെ ഇപ്പൊ ഉണ്ടോ?"
" ഇല്ല, 3 പേര് പ്രസവത്തിലെ മരിച്ചു പോയി. 2 പേര് കൊളെറ വന്ന് ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയത്രെ. ഒരു ചേട്ടനും ഒരു അനിയത്തീം അറുപത്തിനാലില്‍ വസൂരി വന്ന് മരിച്ചു. അച്ഛന്‍ അന്ന് എങ്ങനെയോ രക്ഷപ്പെട്ടതാ. പിന്നൊരു പാപ്പന്‍ ക്ഷയം ബാധിച്ച് മുളന്കുന്നത്ത്കാവിലെ  സാനിടോരിയത്തില്‍ കൊണ്ടാക്കിയതാ, അവിടുന്ന് തൂങ്ങി ചത്തു. അച്ഛന്‍ മൂലക്കുരു ആയിരുന്നു.എണ്പത്തില് ഒരു ദിവസം വയറ് പെട്ടെന്ന് വീര്‍ത്തു വന്ന് മലത്തില്‍ ചോര ഒക്കെ പോയി അങ്ങനെ മരിച്ചു."

ആഹാ. പണ്ടത്തെ ആള്‍ക്കാര്‍ക്കൊക്കെ എന്താ ആരോഗ്യം, എന്താ ആയുസ്സ് !

" അച്ഛന് പറഞ്ഞു കേട്ടിട്ട് മലദ്വാര കാന്‍സര്‍ പോലുണ്ട്. ചിലര്‍ക്ക് ജനിതക പരമായി വരാം, ഒന്ന് ശ്രദ്ധിച്ചോളൂ"
 "ഹേയ്, കാന്‍സര്‍ ഒന്നുമല്ല, മൂലക്കുരു മാത്രേ ഉള്ളാരുന്നു"

ബയോപ്സി ഒന്നും എടുക്കാഞ്ഞാല്‍ അല്ലേലും കാന്‍സര്‍ ആണെന്ന് മനസ്സിലാവൂല്ല മാഷേ, വേണേല്‍ ശ്രദ്ധിച്ചോ!
ഇഷ്ടപ്പെടില്ലാന്ന്‍ തോന്നുന്നു. ചേര്‍ത്തല വരെ വീണ്ടും സമാധാനം.

"ഏത് ആശുപത്രീലാന്നാ പറഞ്ഞെ?"
ഞാന്‍ ആശുപത്രീടെ പേര് പറഞ്ഞു

"98ല് ഞാനവിടെ വന്നിട്ടുണ്ട്, ഒരു ബന്ധുവിനെ കാണാന്‍, ഗുപ്ത സാറൊക്കെ ഇപ്പോളും ഉണ്ടോ?"
98ല്‍ ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുവായിരുന്നല്ലോ..
"ഇല്ല"

സ്റ്റേഷനില്‍ പള്‍സ്‌ പോളിയോയുടെ കൌണ്ടര്‍.

"എന്തോരം പൈസയാ സര്‍ക്കാര്‍ വെറുതെ കളയുന്നത്. ഇതൊക്കെ കമ്പനിക്കാരുടെ തട്ടിപ്പല്ലേ. പോരാത്തതിന് ജനസംഖ്യാ നിയന്ത്രണത്തിന് പിള്ളേരുടെ പ്രജനന ശേഷി കളയാനും "
ആണോ..

"അച്ഛന്റെ ചേട്ടനും അനിയത്തീം എങ്ങനെ അറുപത്തിനാലില്‍ മരിചൂന്നാ പറഞ്ഞെ?
"വസൂരി"
"ഇപ്പൊ അങ്ങനെ ആരേലും മരിക്കാരുണ്ടോ?"
"അതിന് വസൂരി ഇപ്പൊ ഇല്ലല്ലോ?"
"എങ്ങനാ ഇല്ലാണ്ടായെ?"
"അല്ല വസൂരി പോല്ലല്ലോ പോളിയോ"

നിശബ്ദത...
ഒരു വിധം ട്രെയിന്‍ എറണാകുളം സൌത്തില്‍ എത്തി.
ബാഗൊക്കെ എടുത്ത് പുള്ളി ഇറങ്ങാന്‍ തുടങ്ങുമ്പോ ആണ് ഞാന്‍ തിരിച്ചൊന്നും ചോദിച്ചില്ലല്ലോ എന്നോര്‍ത്തത്. 
"എന്ത് ചെയ്യുന്നു എന്നാ പറഞ്ഞത്? "
പോകും മുന്‍പേ പുള്ളി ചിരിച്ചിട്ട് ഒരു കാര്‍ഡ് എടുത്ത് തന്നു.

"ശരി, കാണാം "
എന്നും പറഞ്ഞു പോയി. പോയ ശേഷം ഞാന്‍ കാര്‍ഡ് എടുത്ത് നോക്കി.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

Dr. HARRIS JACOB KUNNEL
MD(Alternative Medicine) KOLKOTA
REIKI, NATUROPATHY, ACUPUNCTURE SPECIALIST
(Specialized in Sugar treatment without injections, 
Kidney disease without dialysis)


Monday, January 18, 2016

അന്യന്‍

സ്ഥിരം തീമില്‍ നിന്ന് ഇത്തിരി മാറിയുള്ള പോസ്റ്റാണ്. അങ്ങ് ക്ഷമി.

വൈദ്യവിദ്യാഭ്യാസം ഒരു അലമ്പ് ഏര്‍പ്പാടാണ്. അഞ്ച് കൊല്ലം MBBS അത് കഴിഞ്ഞ് യുണിവേഴ്സിറ്റിക്ക്  റിസല്‍റ്റിടാനൊരു കൊല്ലം, ഒരു കൊല്ലം ഹൗസ് സര്‍ജന്‍സി, പീജി കിട്ടാനൊന്നോ രണ്ടോ കൊല്ലം , മുന്ന് കൊല്ലം പീജി, സൂപ്പെര്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന സത്യത്തില്‍ ഒട്ടും സൂപ്പര്‍ അല്ലാത്ത സബ് സ്പെഷ്യല്‍റ്റി സീറ്റ് കിട്ടാന്‍ കുറെ കൊല്ലം, സൂപ്പര്‍ സ്പെഷ്യല്‍റ്റി കോഴ്സ്  മൂന്ന് കൊല്ലം അങ്ങനെയങ്ങനെ ബോര്‍ഡിലെ അക്ഷരങ്ങളൊക്കെ കിട്ടി വരുമ്പോളേക്ക് തലയില്‍  നര ഒക്കെ  വരും.

ഇതൊക്കെ തന്നേ കേരളത്തിന്‍റെയോ ഇന്ത്യയുടെയോ പല ഭാഗങ്ങളിലുമാവും. അതിന്‍റെടേലാണ് കല്യാണം,പ്രസവം,കുട്ടി,കുടുംബം തുടങ്ങി സാധാരണ മനുഷ്യരുടെ പ്രശ്നങ്ങള്‍.

പറഞ്ഞു വന്നതെന്താച്ചാല്‍ കഴിഞ്ഞൊരു കൊല്ലത്തിന്‍റെടേല് ആകെ വീട്ടില്‍ പോയത് രണ്ട് തവണയായി അഞ്ച് ദിവസമാണ്.

അങ്ങനെ ഒരിക്കല്‍ വന്നപ്പോ ഉള്ള കഥയാണ്.

ട്രെയിനിറങ്ങി ഓട്ടോയില്‍ കേറി 'പുതിയ പാലം ' എന്ന് സ്ഥലം പറഞ്ഞപ്പോ ആദ്യത്ത ജംക്ഷനീന്ന് തന്നെ ഓട്ടോക്കാരന്‍ വലത്തോട്ടു പോണതിനു പകരം നേരെ ഇടത്തോട്ട് തിരിക്കുന്നു,

ദെന്താപ്പ കഥ , കോഴിക്കോട്ടെ ഓട്ടോക്കാരുമിപ്പോ മെട്രോ സ്റ്റൈലായോ, ചുമ്മാ ചുറ്റിക്കല്‍!. ചോയ്ച്ചേക്കാ.. 'കാക്ക, എടത്തോട്ടല്ലേ'

"ജയേന്‍റെ മുന്നിലുട്ത്തെ റോഡോ, അതിപ്പോ വണ്‍വേയാ."

"ങും, ന്നാപിന്നെ തളീക്കൂടെ പോയാല്ലോ"

"അതൊക്കെ പൊളിച്ചിട്ടിട്ടൊരു കൊല്ലായീല്ലേ, അയ്‌റ്റിങ്ങളെ കുത്തലും പൊളിക്കലും എപ്പോ കഴിയും എന്ന് വെച്ചിട്ടാ!'

ഓഹോ, ശരി.
ഒടുവില്‍ ചുറ്റി വളഞ്ഞ് സ്ഥലത്തെത്തിയപ്പോ ഞാന്‍ പറഞ്ഞ്. 'ആ ഗ്യാസ് ഗോഡൗണിന്‍റപ്പുറത്തെ വീടാ'

ചോദ്യചിഹ്ന സ്മൈലിയിട്ട് ഓട്ടോക്കാരന്‍ തിരിഞ്ഞ് നോക്കുന്നു.

"ഏത് ഗോഡൗണ്‍?"

ശരിയാണല്ലോ, ഏത് ഗോഡൌണ്‍! ഗോഡൗണും കടേം ഒന്നും കാണാനില്ല, ഹൈലൈറ്റ് ബില്‍ഡേസിന്‍റൊരു വലിയ ഫ്ലെക്സും കുറേ പൈലിംഗ് യന്ത്രങ്ങളും ബംഗാളികളും മാത്രം.

ഭാഗ്യത്തിന് വീട് അപ്പുറത്ത് തന്നെയുണ്ട്
'ആ ഇവിടെ തന്നെ'

ചില്ലറ കൊടുത്ത് പോകാന്‍ നേരത്ത് ഓട്ടോക്കാരന്‍റെ കുശലാന്വേഷണം.
'പൊറത്താ?, ആരും കൂട്ടാന്‍ വന്നില്ലേ?' നരസിംഹം സ്റ്റൈലില്‍ അകത്തായിരുന്നു എന്ന് പറയാന്‍ തോന്നിയെങ്കിലും മിണ്ടീല.

ഗേറ്റ് തുറന്ന് അകത്ത് കേറിയതും പട്ടികൂട്ടില്‍ നിര്‍ത്താതെ കുര. പുതിയ ലാബിനെ വാങ്ങിച്ചെന്നും ടൈഗറെന്നാ പേരെന്നും ഒക്കെ വാട്സപ്പില്‍ കണ്ടിരുന്നു.

പട്ടിക്ക് മൊബൈല്‍ ഇല്ലാത്തത് കൊണ്ട് എന്റെ പടം കണ്ടിട്ടുണ്ടാവില്ല.
അതാവും പരിചയക്കേട്‌.

വീടിന്‍റെ തെക്കോട്ട്‌ തുറക്കുന്ന വാതില്‍ കിഴക്കോട്ടു മാറി വച്ചിട്ടുണ്ട്. ഏതോ വസ്തുക്കാരന്‍ പറഞ്ഞതാണത്രെ.

അകത്ത് കേറി മമ്മിയെ കണ്ടു വര്‍ത്താനം പറഞ്ഞു , ഭാര്യ വന്നു , രണ്ടു വയസ്സുകാരന്‍ മോന്‍ ഓടി വന്നു.
പോസ്റ്റ്‌ മോഡേണ്‍ ശൈലിയില്‍ കൈവരി ഇല്ലാതെ പപ്പ ഡിസൈന്‍ ചെയ്ത കോണിക്കതാ ഒരു ബോറന്‍ കൈവരി.
എന്റെ അന്തം വിട്ട നോട്ടം കണ്ട് ' അതോന് മേലേക്ക് പാഞ്ഞു കേറാണ്ടിരിക്കാനാ" ന്ന് മമ്മി.

ബെഡ്റൂമില്‍ പോയി നോക്കിയപ്പോ അലമാര കെടന്നോട്ത് മേശ , മേശ കെടന്നോട്ത് കട്ടില്‍, അങ്ങനെ ആകെ തല കുത്തനെ. " അതിനിക്കി ഫാന്‍ മുഖത്തടിക്കാണ്ടിരിക്കാന്‍ മാറ്റീതാ "  ഭാര്യേടെ എക്സ്പ്ലനേഷന്‍. അലമാരീല് ലുംഗി വെക്കാറുള്ള സ്ഥലത്ത് നോക്കിയപ്പോ കുറെ ചുരിദാര്‍. "ഇങ്ങളത് ഞാന്‍ താഴത്തെ അല്മാരീല്‍ക്ക് മാറ്റി, ഇപ്പൊ കൊണ്ടോരെ, ഓനെ പിടിചോളീ" ന്നും പറഞ്ഞ് ഭാര്യ പോയി.

അങ്ങനെ കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരിക്കുമ്പോ എന്റെ സ്ഥിരം സ്ഥലം ഡൈനിങ്ങ്‌ ടേബിള്ന്റെ വലത് വശത്തെ ആദ്യത്തെ കസേരക്ക് പകരം ഒരു ബേബി ചെയര്‍ ഇരിക്കുന്നു.

മമ്മി ഫോണില്‍ വാതോരാതെ ആരോടോ മോനെ പറ്റി പറയുന്നുണ്ട്. പിന്നെയാണ് ഓര്‍ത്തത് , ഞാനല്ലല്ലോ ഇപ്പൊ മോന്‍!

പിറ്റേന്ന് രാവിലെ അളിയനെ കൂട്ടാന്‍ എയര്‍ പോര്‍ട്ടില്‍ പോകണം എന്നൊക്കെ പ്ലാന്‍ ചെയ്തതാ, എണീറ്റപ്പോ മുറ്റത്ത് വണ്ടിയില്ല.
അതാരാപ്പാ വണ്ടി എടുത്തത്, പപ്പ ഓടിക്കൂല്ലല്ലോ.

" അത് കാള്‍ ഡ്രൈവേര്‍സ്നെ വിളിച്ച്,ഇയ്യൊറങ്ങിക്കൊട്ടെന്നു വെച്ച്"

ങാ അത് നന്നായി.

അളിയന്‍ വന്ന ശേഷം ഉള്ള കഥ ഞാന്‍ പിന്നെ പറയണില്ല. നിറച്ചും പെണ്ണുങ്ങളുള്ള ടീഎല്ലില്‍ ഫുട്ബാള്‍ ട്വീടുകള്‍ക്ക് കിട്ടുന്ന അവഗണന!

അങ്ങനെ വീട്ടില്‍ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് മോനേം കൊണ്ട് നടക്കാനിറങ്ങിയെക്കാം എന്നും വെച്ച് പുറത്തിറങ്ങി.

ഒരു വെള്ള ഓഡി സൈഡില്‍ വന്ന് നിര്‍ത്തി. ഗ്ലാസ്‌ ഒക്കെ താഴ്ത്തി ഉള്ളിലുള്ള കൂളിംഗ് ഗ്ലാസ്സ് വെച്ച മുതലാളി വിളിക്കുന്നു," എടാ.."

ബാസിതാണ്, ഹൈസ്കൂള്‍ ക്ലാസ്മേറ്റ്‌.

അന്ന് പത്തില്‍ ഇവന്‍ പാസ്സാവാന്‍ സാധ്യത ഇല്ലാത്തോണ്ട് സ്കൂള്‍കാര് ഒമ്പതില്‍ ടിസി കൊടുത്തു വിട്ടതാണ്. ഇപ്പൊ മിട്ടായി തെരുവില്‍ നാല് റെഡിമെയ്ഡ് ഷോപ്പ് നടത്തുന്നു. പിന്നെ റിയല്‍ എസ്റ്റെറ്റും." "അന്‍റെ പഠിത്തം ഇത് വരെ കയിഞ്ഞിലെ ഭായ്?!" അവന്‍റെ ചോദ്യം.

അതോടെ ഈവിനിംഗ് വാക്ക് ഒഴിവാക്കി.

ടീവി കാണാന്നു വെച്ചാല്‍ അതിലാണേല്‍ കൊച്ചു ടീവി മാത്രം!

അങ്ങനെ ആകെക്കൂടെ ഉണ്ടായിരുന്ന 3 ദിവസം ലീവ് ഒരു വിധം കഴിച്ചു കൂട്ടി, തിരിച്ച് വെച്ച് പിടിച്ച് എന്ന് പറഞ്ഞാല്‍ മതിയല്ലോ.

തിരിച്ചു പോകാന്‍ വേണ്ടി മാങ്കാവ് റോഡില്‍ എത്തിയപ്പോളതാ അത്ഭുതം.

അവിടെ മാത്രം ഒരു മാറ്റവും ഇല്ല, രണ്ടു കൊല്ലം മുന്‍പ് വീതി  കൂട്ടാന്‍ വേണ്ടി പൊളിച്ചിട്ട റോഡിലെ കുഴികള്‍ വരെ അതെ പോലെ. അങ്ങനെ നൊസ്റ്റാള്‍ജിയയുടെ ഒരു കച്ചി തുരുമ്പ് ബാക്കിയുണ്ടല്ലോ എന്ന സമാധാനത്തോട്‌ കൂടി തിരിച്ചു വണ്ടി കേറി.


ഇങ്ങനൊക്കെ തന്നാരിക്കും എല്ലാ പ്രവാസികള്‍ക്കും അല്ലേ!

Saturday, January 9, 2016

വ്യവസായി

വൈദ്യന് ഏറ്റവും ആവശ്യം സ്റ്റെതോ മരുന്നോ ഒന്നുമല്ല, ഭാഷയാണ്‌.

രോഗം കണ്ടു പിടിക്കാനും ചികിത്സിക്കാനും ഏറ്റവും ആവശ്യം സംസാരിക്കാനുള്ള കഴിവാണ്. തൊണ്ണൂറു ശതമാനം രോഗികളും കാര്യമായ അസുഖങ്ങള്‍ ഒന്നും ഇല്ലാത്തവരാകുമ്പോള്‍ പ്രത്യേകിച്ചും.
അതിന്റെ പുറത്താണ് ഹോമിയോക്കാരും, ദിവ്യന്മാരുമൊക്കെ ജീവിച്ചു പോകുന്നത്.

പണ്ട് ക്ലിനിക്കല്‍ മെഡിസിന്‍ ആദ്യത്തെ ക്ലാസില്‍ കൃഷ്ണന്‍ സാര്‍ പറഞ്ഞത് " സിക്സ്ടി പേര്‍സെന്റ്‌ ഓഫ് ഡയഗ്നോസിസ് ഈസ്‌ മെയ്ഡ് ഫ്രം ഹിസ്റ്ററി " എന്നായിരുന്നെങ്കിലും ഇപ്പൊ "എവിടെന്‍സ് ബെയ്സ്ഡ് മെഡിസി"ന്റെ കാലത്ത് രോഗ നിര്‍ണ്ണയം ഒക്കെ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ആയത് കൊണ്ടാണ് ഭാഷ അറിയാഞ്ഞിട്ടും രോഗികളൊക്കെ ജീവനോടെ തിരിച്ചു പോകുന്നത് .

അടുത്ത കാലത്തായി കേരളത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റ് എല്ലാര്‍ക്കും ഓപ്പണ്‍ ആക്കിയതോടെ ഹിന്ദിക്കാരുടെ കേസ് ഹിസ്റ്ററി എടുപ്പ് ഒക്കെ വന്‍ വിറ്റ്‌ ആണ്.

അതൊക്കെ പോട്ടെ ഞാന്‍ പറഞ്ഞു വന്നത് എന്റെ കാര്യം ആണല്ലോ. ഇവിടൊക്കെ ഇഷ്ടം പോലെ തമിള്‍ രോഗികള്‍ വരും.

കേരളത്തിനടുത്ത് കിടക്കുന്നവര്‍ക്കൊക്കെ അത്യാവശ്യം മലയാളം മനസ്സിലാവും, കോയമ്പത്തൂര്‍, കന്യാകുമാരി ഒക്കെ വല്യ പ്രശ്നമല്ല, മധുര ട്രിച്ചി കാരൊക്കെ വന്നാല്‍ കാര്യം കട്ടപ്പൊകയാണ്.

പനീര്‍ശെല്‍വം അറുപത്തിമൂന്ന് വയസ്സാണ് മുന്നില്‍. കാവി മുണ്ട്, നരച്ച പച്ച ഷര്‍ട്ട്‌. രണ്ടാമത്തെ കുടുക്കിന്റെ ദ്വാരം കീറി ഇരിക്കുന്നു , കൂടെ മെലിഞ്ഞ വലിയ മൂക്കുത്തി ഇട്ട ഒരു സ്ത്രീ .രണ്ടു പേര്‍ക്കും പാതി നരച്ച മുടി ചെരുപ്പില്ല

ഞാ : എന്താ പ്രശ്നം
പ: മലയാളം പുരിയിലയെ...

ഓഹോ , കുരിശാണല്ലേ. വേറെ ഭാഷ പഠിക്കാന്‍ മടി ആയതോണ്ടാണ് വെല്ലൂരും ബംഗ്ലൂരും ഡല്‍ഹിയും ഒക്കെ വേണ്ടാന്നു വെച്ച് ഇവിടെ വന്നത്.
കേരളത്തിലെ ആശുപത്രീല് വന്നിട്ട് ഞാന്‍ തമിള്‍ പറയണോ, എനിക്കും തമിള്‍ പുരിയാത്.

ഞാ: അയ്യാ എന്നാ പ്രച്ചനം
പ : ഹാര്‍ട്ട്  വാല്‍വ് ലീക്ക്താന്‍  പ്രച്ചനം

മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പോരഞ്ഞിട്ട് സിനിമാ താരങ്ങളെയും കൂടി പ്രതിഷ്ഠിക്കുന്ന ടീമാണല്ലോ തമിഴര്‍
സാക്ഷാല്‍ രജനികാന്തിനെ മനസ്സില്‍ ധ്യാനിച്ച്‌ എന്‍റെ തമിള്‍ ജ്ഞാനം അഥവാ വിവരക്കേട് പുറത്ത് എടുത്തു.
ഞാ: മൂച്ചി മുട്ടിരിക്കാ
പ: ഇല്ലയ്‌

ഞാ : വലിയാ?
പ: ഇല്ലെയ് , എരപ്പു മട്ടും താന്‍

എരപ്പോ , എന്താപ്പോ അത്, എന്തേലും ആയ്ക്കോട്ടെ .
നമുക്ക് അത്രേം മതി, ശ്വാസം മുട്ടില്ല, നെഞ്ചു വേദനയും ഇല്ല. ബാക്കി എക്കോല് നോക്കാം ,  അസിംപ്ടോമാറ്റിക് എന്ന്‍ പേപ്പറില്‍ കുറിച്ച്

സ്റ്റെത്ത് എടുത്ത് നെഞ്ചത്ത് വെച്ച്  പരിശോധിച്ചു. എന്തൊക്കെയോ പൊട്ടി തെറി ശബ്ദം ഉണ്ട്.

എക്കോകാര്‍ഡിയോഗ്രാം റിപ്പോര്‍ട്ട്‌ നോക്കിക്കൊണ്ട്‌ ചോദിച്ചു .
"ഒപ്രേശന്‍ വേണ്ടി വരും, എരപ്പ് ജാസ്തി ഇരിക്കാ"

കൂടെ ഉള്ള സ്ത്രീ : റൊമ്പ കഷ്ടമാന സാര്‍, നടക്കവേ മുടിയാത്,
ഞാ: വാല്‍വിന് രണ്ടു ലക്ഷം രൂപ വരും അമ്മാ, ഉന്നാലെ കൊടുക്ക മുടിയുമോ?

കണ്ടിട്ട് കൊടുക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.
അത്തരക്കാര്‍ക്കു വേണ്ടി ബാക്കിയൊക്കെ കാണാതെ പഠിച്ചതാണ്

 "ഇന്ത കേരളാവിലെതാവത് അഡ്രസ്‌ ഇരിക്കാ ? എന്നാല്‍ കാരുണ്യ കെടക്ക്യും. ആനാ തമിള്‍ പെശ്യന്റ്സിനു അത് കെടക്ക മുടിയാത് "

മാണി പോയെങ്കിലും കാരുണ്യ പദ്ധതി  ഇപ്പോളും ഓടുന്നുണ്ട്. തമിള്‍ നാട്ടില്‍ ടീവീം ഫ്രിഡ്ജും ഒക്കെ കൊടുക്കുമെങ്കിലും ചികിത്സാ സഹായം ചോദിച്ചാല്‍ നീട്ടി പിടിച്ചൊരു പതിനായിരം രൂപ കൊടുക്കും, അതും ചെന്നൈ വെള്ളപ്പോക്കം കഴിഞ്ഞേ പിന്നെ ഇല്ല.,

പ: പൈസ റെഡി പണ്ണം, എപ്പോ വേണം, ഇപ്പൊ കെട്ടണോ?

ഓഹോ കാണുന്ന പോലല്ല അല്ലെ, രണ്ടു ലക്ഷം രൂപ എന്നോട് ചോദിച്ചാല്‍ ഞാന്‍ നിന്ന് പരുങ്ങണ്ടി വരും.

ഞാ : ഇപ്പൊ വേണ്ട, ഡേറ്റ് തരാം , അപ്പൊ പോതും ,എന്നാ തൊഴില്‍ ?
പ: വ്യവസായം 

ങേ? വ്യവസായം? ഇങ്ങേരിനി അവിടത്തെ അംബാനിയോ മറ്റോ ആണോ, കേരളത്തില്‍ ബിസിനസ് നടത്തി കുത്ത്പാള എടുത്ത ആരേലും?

ഞാ: എന്നാ വ്യവസായം
പ: വ്യവസായം താനേ 

ചുമ്മാ ഒരു വ്യവസായമോ, ങാ, എന്തേലും ആകട്ടെ, ഡേറ്റ് കൊടുത്ത് വിടുമ്പോ
അങ്ങേര് തിരിഞ്ഞു നിന്ന് പറഞ്ഞു

"വ്യവസായം ആനാ, കേരളാവിലെ കൂലിപ്പണി "

പെട്ടന്ന് തേന്മാവിന്‍ കൊമ്പത്തെ ലാലെട്ടെന്‍ പറയുന്ന പോലെ "കൂലിപ്പണി, അതിനാണ്" എന്ന് മനസ്സില്‍ പറഞ്ഞ് തിരിഞ്ഞു നോക്കുംപോളെക്കും അദ്ദേഹം മുറി വിട്ടിറങ്ങിയിരുന്നു




Sunday, January 3, 2016

ഗുളിക കാലം

എല്ലാ സര്‍ജറിക്കും മുന്‍പ് രോഗികളോട് അതിനെ പറ്റി ഒക്കെ വിശദമായി പറഞ്ഞ് സമ്മതപത്രം ഒപ്പിടീക്കുന്ന ഒരു പരിപാടി ഉണ്ട്. രോഗത്തെ പറ്റി അവരുടെ പല ധാരണകളും മനസ്സിലാക്കുന്നത് അപ്പോളാകും. അത് പോലൊരു ദിവസം എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം എന്തേലും സംശയം ഉണ്ടോന്ന ചോദിച്ച്.

അപ്പുറത്ത് നല്ലൊരു ആഡ്യന്‍ കാരണവര്‍, പട്ടാമ്പി ദേശം, പേര് രാജരാജേശ്വരന്‍ ഉണ്ണിത്താന്‍ , ഒരു അറുപത് വയസ്സ് കാണും, കുടവയറും നെറ്റിയില്‍ മൂന്നു വരി കുറിയും.

ഉ: "അതേയ് , നാളെ എപ്പോളാ ഓപറേഷന്‍ ?'
ഞാ: "രാവിലെ, എട്ടു മണിക്ക്"

ഉ: "ങാ, എപ്പോ കഴിയും?"
ഞ്ഞ: "അഞ്ചാറു മണിക്കൂര്‍ കാണും, കൃത്യ സമയം ഒന്നും പറയാന്‍ പറ്റില്ല "

ഉ: "ന്നാലും, ഏതാണ്ട്?'
ഞാ:"മൂന്നൊക്കെ കഴിയുമായിരിക്കും, ചിലപ്പോ അതിലും വൈകും"

ഉ:"അതിനു മുന്‍പ് പറ്റില്ല്യാല്ലേ?"
ഞാ: "നേരത്തെ കഴിഞ്ഞിട്ട് എന്താ കാര്യം, മുന്‍പ് കഴിഞ്ഞാലും പോയിട്ട് വേറെ പണി ഒന്നും പറ്റില്ലല്ലോ, കഴിഞ്ഞ ഉടനെ ഐസിയുവിലാക്കും"

ഉ: "അല്ലാ , നാളെ ചൊവ്വാഴ്ചയാ, രാഹുകാലത്തിനു മുന്‍പ് കഴിഞ്ഞ് ഐസിയുവില് എത്തുമോന്നു..."

ഓഹോ, അതായിരുന്നോ....

ഞാ: "അല്ല കാര്‍ന്നോരെ, ഇങ്ങക്കിപ്പോ എത്ര ഗുളിക ഉണ്ട്?"
ഉ: " രാവിലെ 6 , ഉച്ചക്ക് രണ്ട് , രാത്രി 4"

ഞാ:"അപ്പൊ ഫുള്‍ ടൈം ഗുളിക കാലം അല്ലെ, പിന്നെന്താ "

ഉ:"ന്നാ പിന്നങ്ങനെ സമാധാനിക്കാല്ലേ"
ഞാ:" പിന്നല്ല... ഇങ്ങള് ധൈര്യായിട്ട് പോയ്ക്കൊളീന്നു"