Saturday, February 27, 2016

പകുതി ഗ്ലാസ്

പീഎച്സി ഒപികളൊക്കെ ഒരു പ്രത്യേക ലോകമാണ്. ഒരു തറവാട് വീട് പോലാണ് എന്നൊക്കെ പറയാം. ആദ്യത്തെ കുറച്ചു ദിവസം കൊണ്ട് കുറെ സ്ഥിരം ആള്‍ക്കാരെ പരിചയപ്പെടും. പിന്നെ അവരെ വാതില്‍ക്കല്‍ കാണുമ്പോ തന്നെ മരുന്നെഴുതാം.

(അല്ലെങ്കിലും എഴുതാം. ഒട്ടു മിക്ക ആള്‍ക്കാര്‍ക്കും കാര്യമായ പ്രശങ്ങള്‍ ഒന്നും കാണൂല്ല. ഫ്രീ മരുന്നുകള്‍ മാത്രേ മതിയാവുള്ളൂ താനും. വളരെ ലിമിറ്റഡ് മരുന്നുകളെ ഏതു നേരത്തും ഫാര്‍മസിയില്‍ കാണൂ, അത് വെച്ച് അങ്ങോട്ടും ഇങ്ങോട്ടും കുറെ കൊമ്ബിനെഷന്‍സ് ആവും എല്ലാ ചീട്ടും)

ചിലരൊക്കെ നാട്ടുകാര്യവും വീട്ടുകാര്യവും ചോദിക്കും. എന്തിന് , കല്യാണആലോചന വരേ കൊണ്ട് വന്നു കളയും. 

സ്ഥിരമായി ബീ പി നോക്കാന്‍ വരുന്ന കുറെ അമ്മൂമ്മമാരും അപ്പൂപ്പന്മാരും, മരത്തില്‍ കേറി വീണു കയ്യിലേം കാലിലേം പെയിന്റ് പോയി വരുന്ന വികൃതികുട്ടന്മാരും, ചന്തയില് വന്നപ്പോ ഒന്ന് കാണിചെക്കാം എന്ന് പറഞ്ഞു വരുന്ന ആളുകളും , ആറു മാസം കൂടുമ്പോ ടിടി എടുത്താല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും എന്ന് വിശ്വസിക്കുന്ന കൂലി പണിക്കാരും ഒക്കെയാണവിടത്തെ കഥാപാത്രങ്ങള്‍. (സത്യത്തില്‍ ടിടി മുറിവുണങ്ങാന്‍ വേണ്ടിയല്ല ടെട്നസ് വരാതിരിക്കാന്‍ മാത്രം ആണെന്നും ഒരു ഫുള്‍ കോഴ്സ് എടുത്താല്‍ പിന്നെ അഞ്ചു കൊല്ലത്തേക്ക് എടുക്കണ്ട എന്നും ഒട്ടു മിക്ക പേര്‍ക്കും അറിയില്ല!)

അടുത്ത് വല്ല കോളേജും ഉണ്ടേല്‍ അറ്റെന്‍ഡന്‍സ്‌ തികയ്ക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കടിനു വരുന്ന പിള്ളേരും കാണും.

അതിന്റെയൊക്കെ ഇടയില്‍ കുറേ പേര് വരും. മെഡിക്കല്‍ പുസ്തകങ്ങളിലൊന്നും കാണാത്ത കുറെ രോഗവും രോഗ ലക്ഷണങ്ങളും  ആയി. "എന്തോ ഒരിത്" അല്ലെങ്കില്‍ "താഴേന്നു മേലോട്ട് ഒരു ഉരുണ്ടുകേറ്റം " അതുമല്ലേല്‍ "വിയര്‍ത്ത്‌ തലയില്‍ നീര് കേറി " എന്നതൊക്കെ ആവും പ്രധാന പ്രശ്നങ്ങള്‍. ആദ്യം ആദ്യമൊക്കെ ഇവരെ ചികിത്സിക്കാന്‍ വലിയ പാടാണ്. പിന്നെ പിന്നെ അതിനൊക്കെ കുറെ ട്രിക്സ് സ്വയം അങ്ങ്പഠിക്കും.

സര്‍ക്കാര്‍ ചിലവില്‍ പഠിച്ചു ഡോക്ടറായി എന്ന ഒറ്റ കുറ്റത്തിന് വയനാട്ടില്‍ ഒരു വര്ഷം സര്‍ക്കാര്‍ നിര്‍ബന്ധിത വനവാസത്തിന്  (ഗ്രാമീണ സേവനം എന്നും പറയാം ) വിട്ട സമയത്താണ് ഞാനവരെ കാണുന്നത്. ഒരു ബുധനാഴ്ച ചന്ത ദിവസം അവരങ്ങനെ ഒരു രൂപ ഓപി ടിക്കറ്റ്‌ എടുത്ത് ഒപിയില്‍ കയറി വന്നു .

നബീസുമ്മ എന്നാണ്‌ പേര്. 
പ്രായം ഒരെഴുപതൊക്കെ കാണും. 
ഓപി ടിക്കറ്റ്‌ പ്രകാരം 62!

(സര്‍ക്കാര്‍ ആശുപത്രികളിലെ ഒരു മണ്ടന്‍ രീതിയുണ്ട്.അവസാനം കിട്ടിയ ബിപിഎല്‍ റേഷന്‍ കാര്‍ഡിലെ വയസ്സാണ് അവിടത്തെ വയസ്സ്.അത് പത്ത് കൊല്ലം മുന്‍പ് കിട്ടിയ കാര്‍ഡ് ആണേലും വയസ്സ് മാറ്റി എഴുതിയാല്‍ മരുന്നൊന്നും ഫ്രീ കിട്ടൂല്ല, അത് കൊണ്ട് തന്നെ ആളുകളൊക്കെ 10-12 വര്ഷം ഒരേ പ്രായത്തില്‍ തന്നെ നില്‍ക്കും)

അറ്റത്ത് കറുപ്പ് വരയുള്ള കാച്ചി തുണിയും വയലെറ്റ് നിറത്തിലെ നീണ്ട ബ്ലൌസ് പോലത്തെ ജമ്പറും ആണ് വേഷം. വെള്ള തുണി മടക്കി തലയില്‍ ഇട്ടിട്ടുണ്ട്.  ഇപ്പോളത്തെ ബോള്‍ഡസ്റ്റ് ഫ്രീക്കത്തികളും കാതില്‍ മൂന്നോ നാലോ കുത്തേ പരമാവധി കുത്തൂ. ഇവര്‍ക്ക് പക്ഷേ പത്തിരുപത്തഞ്ച് ചിറ്റ് കാതിലുണ്ട്. 

കണ്ടാല്‍ പ്രത്യേകിച്ചൊരു അസുഖവും ഉണ്ടെന്ന് തോന്നൂല്ല. 
മുറുക്കി ചോപ്പിച്ച ചുണ്ടാണ്.

"ഇരിക്കൂ, എന്താ അസുഖം ?"
"ഇന്‍റെ മോനേ, ഇനിക്ക്യില്ലാത്ത എതക്കെടോന്നുല്ല്യ "

"ആണോ , ശരിക്കെന്താ പ്രശ്നം , ഒറ്റയ്ക്കാണോ വന്നത് ?"
"ങാ, ഞാനൊറ്റക്കാ, മൂപ്പര് മരിച്യോയെ, മക്കള്‍ ഒന്നുല്ലാ, ഉള്ളതാച്ചാ രണ്ടു പെണ്കുട്യോളും, അയ്‌റ്റിങ്ങള്‍ കല്യാണം ഒക്കെ കയിഞ്ഞ് പോയി "

ആണ്‍ മക്കള്‍ ഇല്ലെങ്കില്‍ മക്കള്‍ ഇല്ലാന്നാ പറയാ. ഉള്ളവരാണെങ്കിലോ, ഓന്‍ തിരിഞ്ഞു നോക്കൂല്ല എന്നും പറയും.

"അപ്പോ ഇപ്പോ ശരിക്ക് എന്താ അസുഖം?"
"ഇനിക്കില്ലാത്ത സൂക്കെടോന്നുല്ലാ "

സാധാരണ ഒപിയില്‍ ഇരിക്കുന്നത് നൂറു മീറ്റര്‍ ഓട്ടത്തിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനില്‍ നില്‍ക്കുന്ന പോലെയാണ്. രോഗ വിവരം കേട്ട് തുടങ്ങുമ്പോ തന്നെ എഴുതിതീര്‍ക്കാന്‍. ഇതിപ്പോ അങ്ങനെ തീരുന്ന മട്ടില്ല. അസുഖം ഉള്ളവരേക്കാള്‍ ബുദ്ധി മുട്ടാ അതില്ലാതവരെ ചികിത്സിക്കാന്‍. 
ഞാന്‍ പതിയെ കസേരയില്‍ ചാഞ്ഞിരുന്നു, കുറച്ചു റസ്റ്റ്‌ എടുത്തേക്കാം 

"എന്തൊക്കെയാ പ്രശ്നങ്ങള്‍? "
"അത് രാവിലെ എണീച്ച് പണിയൊക്കെ കഴിഞ്ഞ് ഒരു പത്ത് മണിയാവുമ്പോ " വയറിലേക്ക് ചൂണ്ടി കാണിച്ച് " ദേ ഇവിടുന്നുണ്ടൊരു ഉരുണ്ടു കേറ്റം!, ചായ കുടിച്ചാ അപ്പൊ മാറും"

"ആഹാ,പിന്നെ"
"പിന്നെ കുനിഞ്ഞ് നിന്ന് ഒരയിംപത്ത്  തേങ്ങ പോളിച്ചീനി പിന്നൊരു രണ്ടു ദിവസം നടുവിനൊരു വേദനയായിനി"

"ഇപ്പൊ ഉണ്ടോ?"
"ഇല്ല്യ, തൈലം തേച്ചപ്പോ മാറി"

"അത്രേയുള്ളൂ "
"പിന്നെ പ്രഷര്‍ ഉണ്ട്. രാത്രിയൊക്കെ ആവുമ്പോ എന്തോ ഒരിതാ "

 "സ്ഥിരമായി മരുന്ന് ഏതെങ്കിലും കുടിക്കുന്നുണ്ടോ ? പഴയ ചീട്ടെന്തെങ്കിലും? "
" ഇല്ല്യല്ല്യ, പിന്നെ തലേല് നീര് ഇറങ്ങിയപ്പോ കഴിഞ്ഞ മാസം ആന്റിബയോടീസ് തന്നീനി, ചീട്ടുണ്ട് "

ഒരു കെട്ട് ഓപി ടിക്കറ്റ്‌ മേശ പുറത്തു വന്നു . എല്ലാത്തിലും ടാബ് ബീ കോംപ്ലെക്സ്‌ മാത്രം! സ്റ്റെത്ത് എടുത്ത് നെഞ്ചത്തും പുറത്തും ഒക്കെ വെച്ച് നോക്കി , പള്‍സ് പിടിച് കഫ്  കെട്ടി ബീപി നോക്കിയപ്പോ എല്ലാം നോര്‍മല്‍.

" ഇതൊക്കെ നോര്‍മല്‍ ആണല്ലോ?"
"ആ കൂടുതലൊന്നും ഉണ്ടാകാറില്ല, പിന്നെ ഇത് വെച്ച് വീര്‍പ്പിക്കുമ്പോ ലേശം കുറവ് കിട്ടും. അങ്ങനെ ഇനിക്കില്ല്യാത്തതൊന്നുല്ല്യ കുട്ട്യേ "

ഓഹോ, തെറാപ്യുട്ടിക് ബിപി നോട്ടം!

"അല്ല , ഞാന്‍ ചോയ്ക്കട്ടെ , ശ്വാസം മുട്ട് വരാറണ്ടോ? വലിവ് "
"ഇല്ല"

"നെഞ്ചു വേദനയോ ഹാര്‍ട്ട് അറ്റാക്കോ?"
"ഇല്ലേ.."

"പ്രമേഹം?"
"അതന്ന് നോക്ക്യപോ 90 ആയീനി"

"അപ്പൊ അതുമില്ല , അപസ്മാരം?"
"ഇല്ലല്ല"

"എപ്പോളെങ്കിലും പെട്ടെന്ന് ബോധം പോയി ഒരു വശം തളര്‍ന്നു പോകുകയോ മറ്റോ ?"
" അള്ളാ , അതൊന്നൂല്ല്യെ"

"കണ്ണില്‍ തിമിരം ഉണ്ടോ?"
"ലേശൊരു മങ്ങലാ, ന്നാലും മുസയഫ് ഒതാനോക്കെ പറ്റും"

"വയറ്റില്‍ മുഴയോ , ഗര്‍ഭ പാത്രത്തീന്ന് നീരോലിപ്പോ , അത് താഴോട്ട് താഴ്ന്നു വരാലോ, വയറ്റീന്നു ചോര പോക്കോ, മേല് കരിയാത്ത മുറിവോ, വേറെ എന്തേലും ക്യാന്‍സര്‍ ലക്ഷനങ്ങളോ?"

അപ്പുറത്ത് ദേഷ്യം പതുക്കെ വരുന്നുണ്ട്

"എനിക്കിത് ഒന്നൂല്ല്യാ , ഞാനിപ്പളും ആടിനെ ഒറ്റക്ക് പോറ്റി വില്‍ക്കലാ, ഇന്നും കൂടി ചന്തേല്‍ ഒന്നിന്നെ കൊടുത്തിട്ടേ ഉള്ളൂ"

" എല്ലാ സൂക്കേടും ഉണ്ടെന്ന് പറഞ്ഞതോണ്ട് ചോദിച്ചതാ... അപ്പൊ ഇതൊന്നുല്ലല്ലേ?"

" ഇല്ല"
"അപ്പോ മരുന്ന് എന്തെങ്കിലും എഴുതണോ?"

"ആ കൊരെന്റെ മരുന്ന് ലേശം തന്നോളീ"
സര്‍ക്കാരിന്റെ സേഡേറ്റിവ് എക്സ്പെക്റ്റരന്റ് എന്നൊരു സാധനം ഉണ്ട് , പൌരാണിക കാലത്തെ ചുമ മരുന്നാ. കുടിച്ചാല്‍ ചെറിയ ഒരു കിക്കൊക്കെ കിട്ടും 

"അപ്പോ കാര്യമായ പ്രശ്നോന്നൂല്ലല്ലേ ?"
"ഇല്ല "

"എന്നാ ശരി "

അവര് ചീട്ടും വാങ്ങി എഴുന്നേറ്റു പോയി. അവരെ എന്തിനു പഴിക്കണം , അവര്‍ക്കില്ലാത്ത അസുഖങ്ങളെ പറ്റി അവര്‍ക്കെന്തറിയാം!

ഒന്നാലോചിച്ചാല്‍ പലപ്പോഴും ഞാനും ഇതേ അവസ്ഥയില്‍ ആകാറുണ്ട്. എല്ലായ്പ്പോഴും നമുക്ക് ലഭിച്ച  അനുഗ്രഹങ്ങള്‍ എണ്ണാന്‍ എപ്പോളും കഴിയാറില്ലല്ലോ...

പാതി വെള്ളം ഉള്ള ഗ്ലാസ് ഹാഫ് ഫുള്‍ ആണോ ഹാഫ് എംറ്റിയാണോ എന്നത് തികച്ചും ആപേക്ഷികം ആണല്ലോ!

No comments:

Post a Comment