സ്ഥലം: ഓപി
സാഹചര്യം:
അപ്പുറത്ത് ആറു കൊല്ലം മുന്‍പ് ഓപറേഷന് കഴിഞ്ഞിട്ടും എല്ലാ കൊല്ലവും ചുമ്മാ വന്നു കാണിച്ചിട്ട് പോകുന്ന ഒരു മധ്യവയസ്കന്.
ഇപ്പുറത്ത് അഞ്ചു മണിക്കൂര്‍ കൊണ്ട് എണ്‍പത് പേരെ നോക്കി വിട്ടിട്ട് നൈറ്റ് ഡ്യൂട്ടിക്ക് കേറേണ്ട ഞാന്‍.
ഞാ: ഭാസ്കരന് ആണോ?
ഭാ: അതെ
ഒറ്റ നോട്ടത്തില്‍ തന്നെ കുഴപ്പം ഒന്നും തോന്നാത്തത് കൊണ്ട് പഴയ കടലാസൊക്കെ വാങ്ങി പ്രിസ്ക്രിപ്ഷന് എഴുത്ത് തുടങ്ങി
ഞാ: എന്തേലും ബുദ്ധിമുട്ടുണ്ടോ?
ഭാ: ഏയ് ഒരു പ്രശ്നോം ല്ലാ..
സ്റ്റെത്ത് വെച്ച് നോക്കിയാല്‍ പ്രത്യേകിച്ചൊന്നും അയാള്‍ക്ക് കണ്ടു പിടിക്കാനില്ല എന്ന് എനിക്കറിയാമെങ്കിലും അയാള്‍ക്ക് അറിയില്ല എന്നത് കൊണ്ട് ചുമ്മാ സ്റ്റെത്ത് നെഞ്ചില്‍ വെച്ച് കൊണ്ട് ചോദിച്ച്
ഞാ: എന്താ ജോലി
ഭാ: കല്‍പ്പണി
ഓട്ടോ മാറ്റിക് ബീപി അപ്പാരറ്റസിന്റെ കഫ് വീര്‍ത്ത് വരാന്‍ എടുക്കുന്ന ടൈം ആണ് ഒപിയില്‍ ഏറ്റവും കൂടുതല്‍ സമയം അപഹരിക്കുന്നത്.
ഒരു കണക്കിന് അത് നല്ലതും ആണ്. അത് മാത്രമാണ് ഒരു വിശ്രമ സമയം.
ഏതാണ്ട് ഹൃദയം പോലെ തന്നെ.
ജനനം മുതല്‍ മരണം വരെ നിര്‍ത്താതെ പണി എടുക്കുന്ന ഹൃദയം എന്നൊക്കെ പറയുമെങ്കിലും ഓരോ മിടിപ്പും കഴിഞ്ഞാല്‍ പുള്ളി 0.5 സെക്കന്റ് വിശ്രമിക്കും എന്നതാണ് സത്യം.
അത് പോലെ ഓരോ രോഗിയുടെയും പരിശോധനക്ക് ഇടയിലാണ് നമ്മുടെ വിശ്രമം.
ഞാ: വീടെവിടാ?
ഭാ: വേങ്ങര, മ്മളെ ഐടി മന്ത്രിന്റെ നാടേയ്
ങേ , കേരളത്തില്‍ അങ്ങനേം ഒരു മന്ത്രിയുണ്ടോ ആവോ, ഡോക്ടര്‍മാര്‍ക്ക് പൊതു വിജ്ഞാനം കുറവാണ് എന്ന് പണ്ടാരോ പറഞ്ഞത് ശരിയാവും എന്ന് മനസ്സില്‍ ഓര്‍ത്തു.
ഞാ: ഐടി മന്ത്രിയോ, അതാരാപ്പാ?
ഭാ: മ്മളെ കുഞ്ഞാലിക്കുട്ടി സായിബേയ്, മൂപ്പരെ നാടാ.
ചെവി അടഞ്ഞിട്ട് ഐ വെച്ച് തുടങ്ങുന്ന വേറെ എന്തോ ഐ ടി എന്ന് തെറ്റായി കേട്ടതാണോ എന്നൊരു നിമിഷം സംശയിച്ചു. അങ്ങേര് വ്യവസായ മന്ത്രിയല്ലേ
ഞാ: ഐടി ന്നാണോ അതോ ...
ഭാ: ഐ ടി, കമ്പ്യുട്ടെറേയ്.
ങ്ങാഹാ...
ഞാ: ഭാസ്കരന് ... ലീഗാ ?!
ഭാ: ആ, അതൊക്കെ അങ്ങനെ തന്നാ. ഞമ്മളെല്ലരും ലീഗാ
ഓഹോ, അപ്പൊ ഐ.. പൂരിപ്പിക്കാഞ്ഞത് നന്നായി, അടി വാങ്ങിയേനെ.
ഞാ:മന്ത്രിയെ അറിയോ
ഭാ: ലേശം
ഞാ: പുള്ളിക്ക് നിങ്ങളെ അറിയോ?
ഭാ: ഹേയ്, ഒരുക്കൊക്കെ വല്യ ആള്‍ക്കാരല്ലേ അറ്യൂ
അപ്പോളേക്കും ബീപി വന്നു. മരുന്നും എഴുതി ഭാസ്കരനെ പറഞ്ഞു വിട്ടു അടുത്താളെ വിളിക്കുമ്പോ ഞാനിങ്ങനെ ആലോചിച്ച്
നാട്ടിലൊരു ഐടി മന്ത്രിയെ കുറിച്ച് അഭിമാനം കൊള്ളുന്ന മുസ്ലിം ലീഗ് ഭാസ്കരന്,
പുച്ഛം മാത്രം വരി വിതറുന്ന ഞാനടക്കമുള്ള സോഷ്യല്‍ മിഡിയ ആക്ടിവിസ്റ്റുകള്‍ എവിടെ, ഗ്രൌണ്ട് റിയാലിടി എവിടെ!
പുച്ഛം മാത്രം വരി വിതറുന്ന ഞാനടക്കമുള്ള സോഷ്യല്‍ മിഡിയ ആക്ടിവിസ്റ്റുകള്‍ എവിടെ, ഗ്രൌണ്ട് റിയാലിടി എവിടെ!